Thursday, March 31, 2011

പ്രാര്‍ത്ഥന

(കവിത)       കെ .സി. അലവിക്കുട്ടി  
 

എന്നെ തനിച്ചാക്കി 
ചിലനേരങ്ങളില്‍ 
മനസ്സ് നടക്കാനിറങ്ങാറുണ്ട്‌

പ്രാര്‍ത്ഥനയുടെ 
പൊരുള്‍ തിരഞ്ഞു 
ഒരു യാത്ര 

പുഴയൊഴുക്കില്‍പെടുന്ന 
കട്ടുറുമ്പിന്‍റെ  നീന്തല്‍
ഒരു പ്രാര്‍ത്ഥനയാണ് 
കാറ്റു കുലുക്കിയിടുന്ന 
പച്ചിലയുടെ ഹസ്തം 
ജലത്തില്‍ ജീവിതമാകുന്നു.

കാടിരുളും ന്നേരം 
ചെന്നായയുടെ ദ്ര്ഷ്ടിയില്‍പെട്ട
മാന്‍പേടയുടെതിരിച്ചോട്ടം 
ഒരു പ്രാര്‍ത്ഥനയാണ് 
കുതിപ്പു വേഗതയാക്കി 
കാടു കടംകൊടുക്കുന്നുണ്ട്.

വിശന്നു വലഞസിംഹത്തിന്‍റെ 
ശബ്ദമില്ലാത്ത ഗര്‍ജനവും 
ഒരു പ്രാര്‍ത്ഥനയാണ് 
.
കൂട്ടം തെറ്റിപ്പോയ കാട്ടു പോത്തിന്‍റെ
നിശ്ചലതയാണ് 
കാടിവിടെകടമെടുക്കുന്നത്.

കാട്ടുചോലയില്‍ മുതലയുടെ പ്രാര്‍ത്ഥന 
ജിറാഫിന്‍റെമരണമാകുമ്പോഴും 
എട്ടടി മൂര്‍ഖനെ റാഞ്ചി പറന്ന
പരുന്തിന്‍റെ കൈ വിട്ട് ഒരു പ്രാര്‍ത്ഥന 
ബൈക്കു യാത്രികന്‍റെ മരണമാകുമ്പോഴും,
ഗര്‍ഭാവസ്ഥയില്‍ ജീവിച്ചു മരിച്ചു 
വിറക്കുന്നുണ്ട്‌ പ്രാര്‍ഥനകള്‍ 
കറുത്തും വെളുത്തും.
  
    
 

Sunday, March 27, 2011

(കവിത)    മാറാല 
കെ. സി. അലവിക്കുട്ടി.

തിരക്കില്‍ കുലുക്കത്തില്‍ 
മരങ്ങള്‍ പായുമ്പോള്‍,
ഉടലിലെവിടെയോ ഒരുരസലിന്‍
കമ്പനം.

ഞരമ്പ് ചത്ത 
ചിത്തഭ്രമത്തിന്റെ ബാക്കി   
കറയുണങ്ങും മുമ്പേ 
നിയമ മുറ്റത്തെറിഞ്ഞ്
ഒരുപേക്കിനാവായ്‌ 
മറന്ന് തള്ളി 
ദൈനംദിന ജീവിതത്തിലേക്ക് 
അവള്‍.

പരിഹാസത്തിന്റെ തീച്ചൂളയില്‍ 
മനസ്സ് വെന്ത് ,കൊമ്പുകോര്‍ത്ത്‌ 
ഒരു ഫീനിക്സ് പക്ഷിയായ്
മുഖമുയര്‍ത്തുമ്പോള്‍,
ശരി തെറ്റുകളുടെ കാറ്റില്‍
ഒരളവുകോല്‍ 
ചലനം നിലയ്ക്കാതെ 
ഉയര്‍ന്നും താഴ്ന്നും. 
       
   

Friday, March 25, 2011


(കവിത) ആദിയില്‍ ദൈവം പറഞ്ഞത്
കെ.സി. അലവിക്കുട്ടി.

നിഴല്‍,
പിറവി എടുക്കും മുമ്പ്
അനന്തത
പരബ്രഹ്മ മായിരുന്നു.

നിരാകാര ശൂന്യ തയില്‍
ഇങ്ങനെഗുപ്തമായ്
ഈ ഓജസ്സ്
എത്ര കഴിച്ചു കൂട്ടിയെന്ന്
കണക്കിനും
കാലത്തിനും ഓര്‍മ്മയില്ല.
ഒരിക്കല്‍
ഒരു ചൈതന്യ നിദ്രയുടെ
ഉണര്‍വില്‍
വെയിലും
ദൈവ ത്തിന്‍റെ നിഴലും മാത്രം
വീണുകിടന്നു.

പിന്നീടെപ്പോഴോ
സമസ്യകള്‍ക്കിടയില്‍ ഒരിടവേളയില്‍
ദൈവം പറഞ്ഞു,
ഓ,
മാനവകൂട്ടമേ
മാംസങ്ങളില്‍ ചക്രം വരച്ചും
എന്‍റെ ഭാഷ നിറ ച്ചും
നക്ഷത്ര ങ്ങള്‍ക്ക് നാം
നിങ്ങളെ പരിചയ പ്പെടുത്തുന്നു,
നിങ്ങള്‍ ചലിച്ചു തുടങ്ങിയാലും

തമോ ഗര്‍ത്തങ്ങളെ തഴുകി
ആകാശ പഥങ്ങളില്‍ തട്ടി
ഗുരുത്വവലയങ്ങളും ഭേദിച്ച്
കുഴഞ്ഞെത്തിയ
ഒരരുള്‍ വിളികേട്ട ബോധനത്തില്‍
ഏതോ ജീവകണികകള്‍ക്കിടയില്‍
എവിടെയൊക്കെയോ ഇരുന്ന്,
ദൈവ ഭാഷയില്‍
ഞാനും ചലിച്ചു തുടങ്ങി.....................

ഒടുവിലെപ്പോഴോ
അനന്തത നിഴല്‍വിരിച്ച വഴികളില്‍
മനസ്സുകള്‍
മുള്ളുകൊര്‍ത്തൊഴുകുന്നത്
ദൈവം
കൈ ക്കുമ്പിളിലെടുത്ത്
വായിച്ചു കൊണ്ടിരുന്നു,
വെളിച്ച ത്തിന്റെ കാഴ്ചയിലും
നിഴല്‍ വീഴ്ത്താത്തവായനയുടെ
മറ്റൊരു
അനന്തതയില്‍.

Thursday, March 24, 2011


(കവിത)  കാണാ മറയത്ത് 
     
   കെ.സി.അലവിക്കുട്ടി. 

അവസാന
ശ്വാസ നിശ്വാസങ്ങളില്‍ 
അമ്മ.
വിദൂരതയുടെമാലയില്‍ 
ചില കണ്ണികള്‍ വിഘടം. 
പ്രവാസത്തിന്‍റെ
കണ്ണുപൊത്തി ക്കളിയില്‍ 
തപ്പി തടയാതെ പോയ 
നെറുകയിലെ ചുംബനം 
വൈകി യെത്തിയ കാഴ്ചയില്‍ 
പുതു മണ്ണില്‍ 
വേരുറക്കാത്ത ഏതോ ചെടിയുടെ 
ഉണങ്ങിയ ഇലകള്‍ .

ഓര്‍മ്മയില്‍ 
വാര്‍ധക്യത്തിന്‍റെ 
ചുളിവുകളില്‍ പൊതിഞ്ഞ 
അവസാനയാത്രാമൊഴി. 

മറവിയില്‍ അകലെ,
തേനും വയമ്പും 
അമ്മിഞ്ഞപ്പാലും നിറച്ച്
ഒരു താരാട്ടുതൊട്ടില്‍  
കരുണയുടെ നിറവില്‍ 
പാട്ടും രൂപവുമില്ലാതാടുന്നു.  

      കൂട്ടു കിളിയുടെ മൊഴികള്‍ 
       കെ. സി. അലവിക്കുട്ടി 
അരണ്ട വെളിച്ചത്തില്‍ 
ആത്മ സൗഹ്ര്‍ദങ്ങള്‍ 
കുമ്പസരിക്കുന്നു ചിരിയായ് 
കരച്ചിലായ് ,സംഗ ഗാനമായ് 
ക്ര്‍ത്രി മോ ന്മാദത്തിന്റെ 
വെളിച്ചം പരത്തി സമയം 
മുനിഞ്ഞു കത്തി.

പാതി രാത്രില്‍,
കുതിര്‍ന്നു കുഴഞ്ഞ ചിറകുകളില്‍
ഞാന്‍ കിളി കൂട്ടില്‍ തിരിച്ചെത്തി
ചിതറി വീണ രാവെളിച്ചത്തില്‍
കാത്തിരുന്നു കുമ്പിയ മിഴികളുമായി
എന്‍റെ ഇണക്കിളി.

വിരല്‍ സ്പര്‍ശത്തില്‍ 
ത്രസിച്ചുണര്‍ന്ന തുവല്‍ ചിറകുകളില്‍ 
ചുണ്ടമര്‍ത്തി ഞാന്‍ ചോതിച്ചു,
നീ "കുഴ ങ്ങിയോ" 
നിന്നോടോത്തുള്ള യാത്രയില്‍ 
ഞാനെന്നോ തളര്‍ന്നിരിക്കുന്നു 
എന്നവള്‍.

നിദ്രയില്‍,കിനാവില്‍ നിലാവിന്റെ
ഊത വെളിച്ചത്തില്‍,
ഒരു വടം വലി ക്കയറിന്‍റെ രണ്ടറ്റങ്ങളില്‍
ഞാനും അവളും,
എനിക്കൊപ്പം ഞാനും എന്‍റെ ഉറ്റവരും 
അവള്‍ക്കൊപ്പം 
അവളും എന്‍റെ പൂര്‍ണ്ണ മനസ്സും. 
പ്രഭാതത്തില്‍,
സുര്യന്‍റെ തെളിഞ്ഞ വെളിച്ചത്തില്‍ 
ഒരു പക്ഷി സംരക്ഷണകേന്ദ്രം 
തലയുയര്‍ത്തി നിന്നു.      

Wednesday, March 23, 2011

  (കവിത) കടലാസ് തോണി
കെ.സി.അലവിക്കുട്ടി.

ഉറക്കത്തിലാണോ
അവളിത്
പറഞ്ഞതെന്നോ
ഉണര്‍ വിലാണോ
അവനിത്
കേട്ടതെന്നോ
അവരെത്ര തിരഞ്ഞിട്ടും
ചോര തിളപ്പിന്
ഒരുപിടിയും കിട്ടിയില്ല,
ഇരു മാറിനുമിടയിലപ്പോള്‍
ഒരു കുരുവി വന്ന്
മുട്ടയിട്ടു പറന്നാല്‍
വിരുഞ്ഞിറങ്ങുമായിരുന്നു
കടലാസു തോണിയില്‍
വാര്‍ധക്യമിപ്പോള്‍
ചുളിവുകളുടെ കാതില്‍ മന്ത്രിക്കുന്നു,
ടൈ, മൊണാലിസയുടെ
പുഞ്ചിരി യിലേക്ക് മടങ്ങാം

Tuesday, March 15, 2011

(കവിത)  പുനര്‍ജനി 
കെ, സി .അലവിക്കുട്ടി.

അമ്മേ,
എന്നൊരു വിളിയോടെയാണ് 
ഓരോ വിത്തുകളും 
ഞെട്ടറ്റു വീഴുന്നത് 
ഇത് മരണമല്ല 
പുനര്‍ ജനിയാണ്.

അമ്മ മരത്തണലില്‍
കാല്‍ പാദങ്ങള്‍ ക്കടിയില്‍ 
മണ്ണിനോട് കാതുചെര്‍ന്ന് 
വിത്തുകള്‍ അനുഭവം പങ്കിടും 

കൂടെ പ്പിറപ്പുകള്‍ക്കൊപ്പം  
മൊട്ടായ് കൂമ്പി നിന്ന നിഷ്കളങ്കത 
പൂവായ് വിരിഞ്ഞ് ആകാശം കണ്ടത് 
പൂ തുമ്പികള്‍ വന്ന് ചുണ്ടുതന്നകന്നത് 
കാറ്റിനോപ്പം 
കായയായാടിയപ്രണയകാലം 


ഉണക്കത്തില്‍ 
ചുങ്ങലില്‍ കൊടും തപസ്സില്‍ 
വിത്തുകള്‍ 
വേരുകള്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍
സ്വ ര്‍ഗ്ഗമായ്ഒരാകാശവും ഭൂമിയും 
വെളിച്ചമില്ലാതെ 
ഇരുണ്ടു കിടക്കും.   

Wednesday, March 9, 2011

( കവിത )     ഒരുനാള്‍ 
കെ.സി. അലവിക്കുട്ടി.

കാലത്തിന്‍റെ 
അനന്തതയില്‍ 
വരാന്‍
ബാക്കി നില്‍ക്കുന്ന
ദിവസം, 
പകല്‍ പുലരുകയില്ല 
ദിവസത്തിന്‌
കറുത്ത ദൈര്‍ഘ്യം  
പ്രാവുകള്‍ 
ചിരിച്ചു പറക്കും 
വംശം എന്ന പദവും 
പര്യായങ്ങളും 
എല്ലാഭാഷയില്‍ നിന്നും 
എടുത്തു കളയും
എല്ലാ വേദങ്ങളും 
ദൈവംതിരിച്ചു വാങ്ങും 
മനുഷ്യ മസ്തിഷ്ക്കങ്ങളിലെ ഭക്തി 
പ്രാവുകള്‍ക്ക്  
മാറ്റി വെക്കും 
പകരം 
ഒരു വെളുത്ത പലക
 ഭൂമിയില്‍ 
സ്ഥാപിക്കും 
ശീര്‍ഷകത്തില്‍ 
"ദൈവം ഇങ്ങനെ കുറിച്ചിടും
ഇന്ന് മനുഷ്യ രാശിക്ക് 
പ്രായം തികയുന്ന ദിവസം" 
അനന്തരം,
തരിശു ഗ്രഹങ്ങളില്‍
ജീവന്‍ വിതച്ചു വേദം നല്‍കുമ്പോള്‍ 
വെള്ള പ്രാവുകള്‍ 
സു ര്യോദയങ്ങളില്‍ 
ദൈ വത്തെ സ്തുതിച്ച്
ദേവാല യങ്ങളില്‍  
കുറുകി കൊണ്ടേയിരിക്കും .      

   

Thursday, March 3, 2011

അന്വേഷണം 
കെ. സി .അലവിക്കുട്ടി 

തീര്‍ഥയാത്രയില്‍ 
മഴയും വെയിലും 
ഇരുട്ടും വെളിച്ചവും 
ഒന്നും തടസ്സമല്ല.

ചിന്തയുണരുമ്പോള്‍,
നക്ഷത്രങ്ങളുടെ
വക്ഷസ്സ് വരെ സഞ്ചരിച്ച്
കവിത,
പ്രപ ഞ്ചോല്‍പത്തിയുടെ
രഹസ്യ0  കാതോര്‍ക്കുന്നുണ്ട്.

പഴുത്ത ഇല കൊഴിഞ്ഞു വീഴുന്നത് 
നോക്കി നില്‍ക്കുന്ന വൃദ്ധ നേയും
കാര്‍ തണലിലെ ആണ്‍പൂച്ചയുടെ
 ചലനം വായിക്കുന്ന പെണ്‍പൂച്ചയുടെ 
കണ്‍ ഭയത്തേയും,
ചോരയുടെ രുചിഭേദങ്ങള്‍ പങ്കുവെക്കുന്ന 
കൊതുകിന്‍റെയും  മൂട്ടയുടെയും
ശബ്ദമില്ലാത്ത ആശയ വിനിമയത്തേയും
കവിത വീക്ഷിക്കുന്നു.

അന്വേഷണപാതയിലിപ്പോള്‍ നല്ലതിരക്കുണ്ട്,
ഓസോണ്‍ പാളികളിലെക്കും 
ബ്ലാക്ക്  ഹോളുകളിലെക്കും മരണ ത്തിന്‍റെ,
മൌന നത്തിലേക്കും 
എന്‍റെ കവിതക്കും പോകാനുള്ളതിനാല്‍
കപ്പലണ്ടിക്കാര 
കുമ്പിള്‍ നിറക്കുന്നത് ഒന്നു വേഗമാകട്ടെ .